കല്‍പ്പറ്റ: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. വയനാട് സ്വദേശിയുടെ പരാതിയിയിലാണ് പ്രതി പിടിയിലായത്. മലപ്പുറം തിരൂര്‍ വാക്കാട് കുട്ടിയായിന്റെപുരക്കല്‍ കെ.പി. ഫഹദിനെയാണ് (28) പോലീസ് കസ്റ്റഡിയിലെടുത്തത്. 33 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

ടെലഗ്രാമില്‍ കണ്ട പാര്‍ട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിനിരയാകുന്നത്. 2024 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി പല തവണകളിലായി പണം തട്ടിയെന്നാണ് പരാതി. വയനാട് സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്.

പാർട് ടൈം ജോലിക്കായി ബന്ധപ്പെട്ട പരാതിക്കാരനെ കൊണ്ട് yumdishes എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. തുടര്‍ന്ന്, വലിയ തുകകള്‍ വാഗ്ദാനം നൽകി വിവിധ ഭക്ഷണ സാധനങ്ങള്‍ക്ക് റേറ്റിങ്, റിവ്യൂ നൽകാനായിരുന്നു നിർദേശം.

പിന്നീട് 33 ലക്ഷം രൂപ ഇയാളിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് പോലീസിന് നൽകിയ പരാതിയില്‍ പറയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാവുന്നത്. ഇയാൾക്കെതിരെ വഞ്ചനാകുറ്റത്തിന് കസ് എടുത്ത് റിമാൻഡ് ചെയ്തു.