ജിദ്ദ: നാൽപ്പത് വർഷത്തോളമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലയാളി, നാട്ടിലേക്ക് തിരിക്കുന്നതിന് കേവലം രണ്ട് ദിവസം മുൻപ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. മലപ്പുറം വൈലത്തൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ആണ് ബുധനാഴ്ച ജിദ്ദയിൽ നിര്യാതനായത്.

ജിദ്ദയിലെ ബാബ് ശരീഫിൽ ജോലി ചെയ്തിരുന്ന അബ്ദുസലാം, രണ്ട് ദിവസത്തിനകം നാട്ടിൽ പോകാനായി വിമാന ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. ജിദ്ദ ജി.എൻ.പി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പരേതനായ മൊയ്‌ദീന്റെയും ബീരായുമ്മയുടെയും മകനാണ് അബ്ദുസലാം. ഭാര്യ: റസിയാബി. മക്കൾ: അൻവർ, ഹസ്‌ന. സഹോദരങ്ങൾ: അയ്യൂബ്, സുബൈർ, സുബൈദ, സൽമ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.