വടകര: സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ കെണിയിലാക്കി അക്കൗണ്ട് എടുപ്പിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുസംഘങ്ങള്‍ വിലസുന്നു. വിദ്യാര്‍ഥികള്‍ക്ക് പണം നല്‍കി ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ട് വഴി കൈമാറുകയാണ് ചെയ്യുന്നത്. പണമെത്തിയ അക്കൗണ്ടുടമയെത്തേടി പോലീസ് എത്തുമ്പോഴാണ് തട്ടിപ്പുവിവരം വിദ്യാര്‍ഥികള്‍ അറിയുക.

കഴിഞ്ഞദിവസങ്ങളിലായി വടകര തീക്കുനി, വേളം, ആയഞ്ചേരി, കടമേരി തുടങ്ങിയ സ്ഥലങ്ങളിലെ നാലു വിദ്യാര്‍ഥികളെ മധ്യപ്രദേശ് പോലീസ് അക്കൗണ്ട് എടുത്തുനല്‍കിയതിന് അറസ്റ്റുചെയ്തു.

തട്ടിപ്പ് ഇങ്ങനെ...

* ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് പണം കൈമാറാന്‍ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ഇതിനായി ഇവര്‍ കരുവാക്കുന്നത് വിദ്യാര്‍ഥികളെയാണ്

* അക്കൗണ്ട് എടുത്തുനല്‍കിയാല്‍ 5000 രൂപമുതല്‍ 10,000 രൂപവരെയാണ് വാഗ്ദാനം. പാര്‍ട്ട് ടൈം ജോലിയെന്നു പറഞ്ഞും ആകര്‍ഷിക്കുന്നുണ്ട്

* ബാങ്ക് അക്കൗണ്ട് എടുക്കലും അക്കൗണ്ടില്‍വരുന്ന പണം പറയുന്ന അക്കൗണ്ടിലേക്ക് അയക്കലുമാണ് ജോലി. ഇതിന് നിശ്ചിത പ്രതിഫലം കിട്ടും

* ബാങ്ക് പാസ് ബുക്ക്, എ.ടി.എം. കാര്‍ഡ് എന്നിവയെല്ലാം തട്ടിപ്പു സംഘം കൈക്കലാക്കും