തിരുവനന്തപുരം: തിരുവനന്തപുരത്ത് നവമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെ പരിചയം സ്ഥാപിച്ചശേഷം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ലഹരിഗുളികകള്‍ നല്‍കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര ആറാലമൂട് സ്വദേശിയായ ശ്യാംമാധവി(43) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.

പ്രതി ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കുന്നതായിരുന്നു രീതി. ആദ്യം ഒരു പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചാല്‍ ഇവര്‍വഴി കൂടുതല്‍ പെണ്‍കുട്ടികളെയും പ്രതി വലയിലാക്കും.

എന്നിട്ട് പ്രതി ഇവര്‍ക്കും ലഹരിഗുളികകളടക്കം കൈമാറിയിരുന്നു.

നെയ്യാറ്റിന്‍കര പ്രദേശത്ത് നിരവധി വിദ്യാര്‍ഥിനികള്‍ ഇയാളുടെ കെണിയില്‍വീണതായാണ് ലഭിക്കുന്ന സൂചനകൾ. പന്നിഫാം നടത്തുന്ന പ്രതി നെയ്യാറ്റിന്‍കര, ബാലരാമപുരം സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനല്‍കേസുകളില്‍ പ്രതിയാണ് എന്നാണ് പോലീസ് നല്‍കുന്ന വിവരം. കസ്റ്റഡിയിൽ എടുത്ത പ്രതിയെ പോലീസ് സംഘം ഇപ്പോൾ വിശദമായി ചോദ്യം ചെയ്യുകയാണ്.