കണ്ണൂര്‍: പയ്യന്നൂരില്‍ സ്വര്‍ണ്ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്ത ശേഷം മുങ്ങിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അബ്ദുള്‍ നാസറിനെയാണ് പൊലീസ് പിടികൂടിയത്. പണയ സ്വര്‍ണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തിയായിരുന്നു തട്ടിപ്പ്.

പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ സ്വകാര്യധനകാര്യസ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. സ്വര്‍ണം പണയം വെക്കാനെന്ന വ്യാജേന അബ്ദുള്‍ നാസര്‍ സ്ഥാപനത്തിലെത്തുന്നു. മറ്റൊരു ധനകാര്യസ്ഥാപനത്തില്‍ പണയത്തിലുള്ള സ്വര്‍ണം പലിശ കൂടുതലായതിനാല്‍ ഇങ്ങോട്ടേക്ക് മാറ്റാമെന്നായിരുന്നു ആവശ്യം. മാനേജറെ പറഞ്ഞ് വിശ്വസിപ്പിച്ച് 45000 രൂപ കൈക്കലാക്കുന്നു.

പണവും വാങ്ങിപ്പോയ അബ്ദുള്‍ നാസര്‍ തിരിച്ചുവരാതായതോടെയാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. സിസിടിവി പരിശോധനയില്‍ പണവുമായി ഇയാള്‍ ഓടിരക്ഷപ്പെടുന്നത് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അബ്ദുള്‍ നാസര്‍ നിലമ്പൂരുണ്ടെന്ന വിവരം ലഭിക്കുന്നത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.