മലപ്പുറം: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ടാപ്പിങ് തൊഴിലാളിയുടെ കട്ടന്‍ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയിലായി. കളപ്പാട്ടുകുന്ന് തോങ്ങോട് വീട്ടില്‍ അജയ് (24) ആണ് അറസ്റ്റിലായത്. കാരാട് വടക്കുംപാടം ചെണ്ണയില്‍ വീട്ടില്‍ സുന്ദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പുലര്‍ച്ചെ ജോലിക്കുപോകുമ്പോള്‍ ഫ്‌ലാസ്‌കില്‍ കട്ടന്‍ചായ കൊണ്ടുപോകാറുള്ള സുന്ദരന്‍ കഴിഞ്ഞ 10-ന് ചായ കുടിച്ചപ്പോള്‍ രുചിയില്‍ വ്യത്യാസം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് 14-ന് വീണ്ടും ചായ കുടിച്ചപ്പോള്‍ നിറത്തിലും മാറ്റം കാണപ്പെട്ടതോടെ സംശയം ഉറപ്പിച്ച് പൊലീസ് വിവരം അറിയിക്കുകയായിരുന്നു.

സിഐ എന്‍. ദീപകുമാര്‍, എസ്ഐ എം.ആര്‍. എസ്.ജി, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ സുന്ദരനും അജയ്യും തമ്മില്‍ മുന്‍പ് വൈരാഗ്യം നിലനിന്നിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ അജയ് കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.