ചേര്‍ത്തല: സ്‌കൂട്ടറില്‍ അര ലിറ്ററിന്റെ എട്ട് മദ്യക്കുപ്പികള്‍ അനധികൃത വില്‍പ്പനയ്ക്ക് എത്തിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് അനധികൃത വില്‍പ്പനയ്ക്കായി എത്തിച്ചത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പുതുവല്‍ പൂവള്ളിയില്‍ പി ആര്‍ രാജീവ് (45) ആണ് അറസ്റ്റിലായത്. തൈക്കല്‍ ചമ്പക്കാട് റോഡില്‍ പട്ടാണിശ്ശേരി കോളനിക്ക് സമീപത്തു വച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് പിടി കൂടിയത്.

പൊലീസ് വാഹനം കണ്ട് കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും രാജീവിനെ പിടികൂടുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ഇയാളുടെ സ്‌കൂട്ടറില്‍ സീറ്റിന് അടിയില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. ചോദ്യം ചെയ്തതില്‍ വില്ലനയ്ക്കായി കൊണ്ടു വന്നതാണെന്ന് സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

ലൈസന്‍സോ വ്യക്തമായ രേഖകളോ ഇല്ലാതെ അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും വില്‍പ്പനയ്ക്കായി കൊണ്ടുവന്നതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അര്‍ത്തുങ്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജി മധു, സബ് ഇന്‍സ്‌പെക്ടര്‍ ഡി സജീവ് കുമാര്‍, എസ്‌ഐ ഗോപന്‍, ജൂഡ് ബെനഡിക്ട്, എ എസ്‌ഐ ശശികുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.