നിലമ്പൂർ: കരുളായി ഉൾവനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വയോധികന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മുണ്ടക്കടവ് ഉന്നതി സ്വദേശി ശങ്കരനാണ് (60) വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്.

വനത്തിനകത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ നിന്ന് പുറകിലൂടെയെത്തിയ കരടി ശങ്കരന്റെ കഴുത്തിൽ പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരടി ഇരു കൈകളിലും കടിച്ച് പരിക്കേൽപ്പിച്ചു. നിലവിളിച്ചും പ്രതിരോധിച്ചും രക്ഷപ്പെടാൻ ശ്രമിച്ചതോടെ കരടി കാട്ടിലേക്ക് ഓടിമറഞ്ഞു.

ശങ്കരന്റെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന മധുവും രമേശനും ഓടിയെത്തി. പരിക്കേറ്റ ശങ്കരന് പ്രാഥമിക ചികിത്സ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരു കൈകളിലും കടിയേറ്റതിനാൽ കൂടുതൽ ചികിത്സ ആവശ്യമായി വരും. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുമ്പോൾ വന്യജീവികളുടെ ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.