കാസർകോട്: വെള്ളരിക്കുണ്ടിൽ വിവാഹ ബ്രോക്കറുടെ ക്രൂരമായ ആക്രമണത്തിൽ നവവരന് ഗുരുതരമായി പരിക്കേറ്റു. വിവാഹം നടത്തിക്കൊടുത്തതിന് നിശ്ചയിച്ച പ്രതിഫലം നൽകിയില്ലെന്ന തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. പറമ്പ റേഷൻകടയ്ക്ക് സമീപം വ്യാപാരം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഇടനിലക്കാരനായ പറമ്പ സ്വദേശി ബേബിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു.

അടുത്തിടെയാണ് അബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് ഇടനിലക്കാരനായി നിന്നത് ബേബിയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞിട്ടും തനിക്ക് ലഭിക്കേണ്ട ബ്രോക്കർ ഫീസ് അബ്രഹാം നൽകിയില്ലെന്ന് ബേബി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് വിവരം.

ഏപ്രിൽ നാലിന് രാത്രി അബ്രഹാം തന്റെ കടയിൽ നിൽക്കുമ്പോഴാണ് ബേബി മാരകായുധവുമായി എത്തിയത്. വാക്കേറ്റത്തിനൊടുവിൽ ബേബി അബ്രഹാമിനെ കത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിൽ അബ്രഹാമിന്റെ വലതുകൈയിലെ പെരുവിരലും ഇടതുകൈയിലെ ചെറുവിരലും അറ്റുപോയി. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന അബ്രഹാമിനെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ബേബിയെ ചിറ്റാരിക്കാൽ പോലീസ് പിടികൂടി. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഇത്രയും ക്രൂരമായ അക്രമത്തിലേക്ക് നീങ്ങിയത് വെള്ളരിക്കുണ്ട് മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.