വണ്ടൂര്‍: കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് ദുരന്തകരമായി മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിലെ മുരളീകൃഷ്ണന്‍ (32) ആണ് മരിച്ചത്. രാവിലെ 5 മണിയോടെയായിരുന്നു ദാരുണ സംഭവം. കുടുംബാംഗങ്ങളോടൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കാര്‍ കഴുകാന്‍ ഉപയോഗിച്ച പവര്‍വാഷറിലാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ കാറിന്റെ സമീപത്ത് മുരളീകൃഷ്ണനെ വീണുകിടക്കുന്നതായി കണ്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കും.

മരണവിവരത്തില്‍ പ്രദേശത്ത് ദുഃഖം വീണു. യുസി പെട്രോളിയം ഉടമ പരേതനായ യു.സി. മുകുന്ദന്റെ മകനാണ് മുരളീകൃഷ്ണന്‍. ഭാര്യ ആരതി, മകന്‍ ശങ്കര്‍ കൃഷ്ണന്‍ (യുകെജി വിദ്യാര്‍ഥി). മാതാവ് ഷീല. സഹോദരങ്ങള്‍ സൗമ്യ, സവിത. പ്രശസ്ത ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാട് സഹോദരി ഭര്‍ത്താവാണ്.