ആലത്തൂര്‍: പാലക്കാട് കുഴല്‍മന്ദത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. കുഴല്‍മന്ദം നൊച്ചുള്ളി തെക്കേപരുക്കമ്പള്ളം കോക്കാട് വീട്ടില്‍ കിഷോര്‍ (32) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. കിഷോര്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ ആയിരുന്നു സംഭവം നടന്നത്. രാത്രി തോലമ്പുഴയില്‍ അമ്മാവന്റെ റബ്ബര്‍ തോട്ടത്തിലെത്തിയ കിഷോര്‍, മരിക്കാന്‍ പോകുകയാണെന്ന് സഹോദരന്‍ അനീഷിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. പിന്നാലെ ഇയാള്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സന്ദേശം ലഭിച്ചതിന് പിന്നാലെ അന്വേഷിച്ചെത്തിയ സഹോദരനും ബന്ധുക്കളും കിഷോറിനെ തോട്ടത്തിനുള്ളില്‍ പൊള്ളലേറ്റ് നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടന്‍തന്നെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് വിദഗ്ധചികിത്സയ്ക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.