കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ പട്ടാപ്പകൽ കുറുക്കന്റെ ആക്രമണത്തിൽ വീട്ടുടമയ്ക്ക് പരിക്ക്. തയ്യൽ ശ്രീധരൻ (60) ആണ് കഴുത്തിന് കടിയേറ്റ് ചികിത്സയിലുള്ളത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വീടിനടുത്തുള്ള റോഡിൽ വെച്ചാണ് ശ്രീധരന് നേരെ കുറുക്കൻ ആക്രമണം നടത്തിയത്. കടിയേറ്റയുടൻ ശ്രീധരൻ കുറുക്കനെ പിടികൂടുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കുറുക്കനെ അപ്പോൾ തന്നെ കൊലപ്പെടുത്തി.

പ്രദേശത്ത് കുറുക്കൻ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാടുപിടിച്ചുകിടക്കുന്ന വഴികളിലും കൃഷിയിടങ്ങളിലും ഇവയുടെ ശല്യം കാരണം ജനങ്ങൾ ഭീതിയിലാണ്. നാദാപുരത്ത് നടന്ന ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുട്ടികൾ ഉൾപ്പെടെ പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണുള്ളത്. കുറുക്കൻ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.