- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിവറേജസ് ഔട്ട്ലെറ്റിൽ ഹെൽമെറ്റ് ധരിച്ചതിനെ ചൊല്ലി തർക്കം; മാനേജറുടെ തല ബിയര്‍ കുപ്പികൊണ്ട് അടിച്ചു പൊട്ടിച്ചു
കൊല്ലം: കൊട്ടാരക്കരയിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആൾ മാനേജറെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഹെൽമെറ്റ് ധരിച്ച് ഔട്ട്ലെറ്റിൽ പ്രവേശിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ മാനേജർ ബേസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മൂന്നംഗ സംഘമാണ് മദ്യം വാങ്ങാനായി എത്തിയത്. ഇവരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. ഔട്ട്ലെറ്റിനുള്ളിൽ ഹെൽമെറ്റ് ധരിക്കുന്നതിന് വിലക്കുള്ളതിനാൽ ഇത് ചോദ്യം ചെയ്തതോടെ മാനേജറുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ സംഘത്തിലൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി.
വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാനേജർ മൊബൈൽ ഫോൺ തട്ടിമാറ്റി. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ ബിയർ കുപ്പിയെടുത്ത് മാനേജറുടെ തലയിൽ അടിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ ചേർന്ന് ഇയാളെ പിടിച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഔട്ട്ലെറ്റിന്റെ വാതിൽ തകർത്ത് സംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.