ഇടുക്കി: വിൽപ്പനക്കായി കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിലാണ് സംഭവം നടന്നത്. തൊടുപുഴ സ്വദേശികളായ റിൻസാദ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ കടന്നുകളയുകയും ചെയ്തു.

ഒഡീഷ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ഇടുക്കിയിൽ വിപണനം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ എത്തിച്ച കഞ്ചാവുമായി തൊടുപുഴയിലേക്ക് വരികയായിരുന്നു സംഘം. രഹസ്യ വിവരം ലഭിച്ച പോലീസ് പെരുമ്പള്ളിച്ചിറയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൂവർ സംഘം കഞ്ചാവുമായി എത്തിയത്.

തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇവരുടെ സംഘം ലഹരി വില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട തൊടുപുഴ സ്വദേശി അനൂപിനെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.