തിരുവല്ല: പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡും ആര്‍പിഎഫം ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ട്രെയിനിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി. രാവിലെ എട്ടു മണിയോടെ ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തിന് വന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ ബോഗിയിലെ സീറ്റിന് അടിയില്‍ നിന്നാണ് ബാഗ് കിട്ടിയത്.

സംശയം തോന്നി തുറന്നു നോക്കിയപ്പോള്‍ കഞ്ചാവാണെന്ന് മനസിലാക്കി കസ്റ്റഡിയില്‍ എടുത്തു. തിരുവല്ല റൈയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് എക്സൈസ് സംഘം പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന 35 ലക്ഷം രൂപ പിടികൂടിയിരുന്നു. ഇതിന് പുറമേ കഞ്ചാവ് കടത്ത് സംഘങ്ങളും ട്രെയിനാണ് ഉപയോഗിക്കുന്നത്.

ചെന്നൈയിലോ പാലക്കാട് നിന്നോ ആകാം കഞ്ചാവ് ട്രെയിനുള്ളില്‍ വച്ചതെന്ന് സംശയിക്കുന്നു. ഏതെങ്കിലും സ്റ്റേഷനില്‍ നിന്ന് ഇത് കളക്ട് ചെയ്യാനുള്ള നീക്കമാകാം നടന്നത്. സ്പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മാത്യു ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ ബി.എല്‍. ഗിരീഷ, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ സുഭലക്ഷ്മി, എം.കെ. അജിത്ത്, ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.