തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ചര കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയിലും ബൈക്കിലുമായി കഞ്ചാവ് കടത്താൻ ശ്രമിച്ചവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ്.കെ.വി യുടെ നേതൃത്വത്തിലുള്ള സംഘം ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തത്. അമ്പൂരി സ്വദേശി സത്യൻ എന്നയാളാണ് ഓട്ടോറിക്ഷയിൽ നിന്ന് പിടിയിലായത്.

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന മറ്റൊരാളെയും എക്സൈസ് സംഘം പിടികൂടിയത്. തച്ചോട്ടുകാവ് സ്വദേശി വിഷ്ണു.ആർ.എസ് ആണ് ബൈക്കിൽ നിന്ന് പിടിയിലായത്. ഇയാളിൽ നിന്ന് 2.61 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ.എ.കെ യുടെ നേതൃത്വത്തിലായിരുന്നു ഈ കണ്ടെത്തൽ.

പ്രതികളെ പിടികൂടിയ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ അരുൺകുമാർ.എം.എസ്, സുരേഷ് കുമാർ, രജിത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ഷിന്റോ എബ്രഹാം, ശ്രീനു.യു.എസ്, പ്രവീൺ.എം, ജിനേഷ്, മുഹമ്മദ് അനീസ് എന്നിവരും ഉൾപ്പെട്ടിരുന്നു.