- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ വൻ ലഹരിവേട്ട; എംഡിഎംഎയുമായി കായംകുളം സ്വദേശികൾ പിടിയിൽ
കൊച്ചി: ബെംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കായംകുളം സ്വദേശികളായ ചിറക്കട്ടോവം മാളികപടീത്തിൽ സുധീർ യൂസഫ് (37), ചിറക്കട്ടോഴം പട്ടാണിപ്പറമ്പിൽ ആസിഫ് നിസാം (25) എന്നിവരാണ് കളമശ്ശേരിയിൽ വെച്ച് അറസ്റ്റിലായത്. 234.5 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്നും പിടികൂടിയത്. കൊച്ചി നഗരത്തിലും ആലപ്പുഴയിലും ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
പ്രതികൾ കുറച്ചുകാലമായി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് വാങ്ങുന്നതിനായി ഇവർ ബെംഗളൂരുവിലേക്ക് പോയതായി വിവരം ലഭിച്ച പൊലീസ് ഇവർ മടങ്ങിവരുന്നതിനായി കാത്തിരുന്നു. കേരള അതിർത്തി കടന്ന് കൊച്ചിയിലെത്തിയ ഇവരെ കളമശ്ശേരി അപ്പോളോ ടയേഴ്സിന് സമീപം വെച്ച് പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. തങ്ങൾ നിരീക്ഷണത്തിലാണെന്ന വിവരം പ്രതികൾ അറിഞ്ഞിരുന്നില്ല.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം, ഡിസിപിമാരായ അശ്വതി ജിജി, ജുവപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (ഡിസ്ട്രിക്ട് ആൻ്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.