മലപ്പുറം: കാറിന്റെ എഞ്ചിനടിയിലായി രഹസ്യ അറയില്‍ സൂക്ഷിച്ച എംഡിഎംഎയുമായി എയ്ഡഡ് സ്‌കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയില്‍. മലപ്പുറം ജില്ലയിലേക്ക് കാറുകളിലും മറ്റു ചെറുവാഹനങ്ങളിലും രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ ഉള്‍പ്പടെയുള്ള വീര്യം കൂടിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ ജില്ലയിലേക്ക് കടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പൊലീസ് സംഘം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിന് സമീപം വച്ച് 104 ഗ്രാം എംഡിഎംഎ ലഹരിമരുന്ന് പിടികൂടിയത്. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ (39), കൊടിഞ്ഞിയത്ത് ഷാനിദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍ നിന്നും ഏജന്റുമാര്‍ മുഖേന സിന്തറ്റിക് മയക്കുമരുന്നുകള്‍ വാങ്ങി വന്‍ ലാഭം ലക്ഷ്യം വച്ച് നാട്ടിലേക്ക് ചെറു വാഹനങ്ങളിലും പെയ്ഡ് കാരിയര്‍മാര്‍ മുഖേനയും ലഹരിക്കടത്തുന്നതായി വിവരം കിട്ടിയിരുന്നു. പെരിന്തല്‍മണ്ണ പോലീസും,ജില്ലാ ആന്റി നര്‍ക്കോട്ടിക്‌സ്‌ക്വാഡും നടത്തിയ അന്വേഷണത്തില്‍ ലഹരിക്കടത്തുസംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച് സൂചന ലഭിച്ചു. തുടര്‍ച്ചയായി ബെംഗളൂരുവില്‍ നിന്നും വന്‍തോതില്‍ ലഹരിമരുന്നുകള്‍ നാട്ടിലേക്ക് കടത്തുന്നതായും ജില്ലയിലെ ചെറുകിട ലഹരിവില്‍പനക്കാര്‍ക്ക് കൈമാറുകയും ചെയ്യുന്നതായി വിവരം കിട്ടിയിരുന്നു.

പ്രതികള്‍ കാറില്‍ ബംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചതോടെ, പെരിന്തല്‍മണ്ണ സി.ഐ.സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍, ജില്ലാപോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘം രാത്രി 12 മണിയോടെ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തില്‍ വച്ച് കാര്‍ കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, നിര്‍ത്താതെ മുന്നോട്ടെടുത്ത കാര്‍ പോലീസ് വാഹനം കുറുകെയിട്ടാണ് തടഞ്ഞത്.

കാര്‍ പരിശോധിച്ചപ്പോള്‍, മുന്‍വശം എഞ്ചിനടിയിലായി രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ കണ്ടെടുക്കുകയുമായിരുന്നു. ദേഹത്തും ബാഗുകളിലും ഒളിപ്പിച്ചൂകടത്തുന്ന സ്ഥിരം രീതി പോലീസും എക്സൈസും കണ്ടുപിടിക്കാന്‍ തുടങ്ങിയതോടെ ലഹരിക്കടത്തുസംഘം പുത്തന്‍ രീതികള്‍ പരീക്ഷിക്കുകയാണെന്നും മുന്‍പും പലതവണ ഇതേ രീതിയില്‍ ലഹരിമരുന്ന് കടത്തിയതായും പ്രതികള്‍ പോലീസ് സംഘത്തോട് പറഞ്ഞു.

മൊറയൂരിലെ എല്‍പി സ്‌ക്കൂളിന്റെ മാനേജരാണ് ദാവൂദ് ഷമീല്‍. കൂടാതെ ബെംഗളൂരുവിലും നാട്ടിലും ഈവന്റ് മാനേജ്മെന്റും നടത്തുന്നുണ്ട്. കൂട്ടുപ്രതി ഷാനിദും ദാവൂദ് ഷമീലിന്റെ കൂടെയാണ് ജോലിചെയ്യുന്നത്. ബെംഗളൂരുവില്‍, ജോലിയുടെ ഭാഗമായി പോയി വരുന്നതിന്റെ മറവിലാണ് പ്രതികള്‍ അമിതലാഭം ലക്ഷ്യം വച്ച് ലഹരിക്കടത്തിലേക്കിറങ്ങുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.

മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പിമാരായ സാജു.കെ.എബ്രഹാം,പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സി.ഐ.സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍, അഡീഷണല്‍ എസ്ഐ.സതീശന്‍, എന്നിവരും പെരിന്തല്‍മണ്ണ, മലപ്പുറം ഡാന്‍സാഫ് ടീമുകളുമാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.