തൃശ്ശൂർ: പാവറട്ടി മരുതയൂരിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ കളക്ഷൻ ഏജന്റ് സ്ത്രീകളെയും കുട്ടിയെയും ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ മരുതയൂർ സ്വദേശി കുണ്ടുവീട്ടിൽ ഗിരീഷ്, ഭാര്യ സുബൈദ (34), മൂന്നുവയസ്സുള്ള മകൾ എന്നിവരെയാണ് ഏജന്റുമാരിൽ ഒരാൾ ആക്രമിച്ചത്. ഗുരുവായൂർ സ്വദേശി വടക്കുഞ്ചേരി വീട്ടിൽ ധീരജ് (29) ആണ് പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം നടന്നത്.

കാണിപ്പയ്യൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തതിൻ്റെ കുടിശ്ശിക പിരിച്ചെടുക്കാനെത്തിയ ഏജന്റാണ് അതിക്രമം നടത്തിയത്. മരുതയൂർ സ്വദേശി മണിയുടെ ഭാര്യ സന്ധ്യയോട് കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, രണ്ടു ദിവസത്തെ സാവകാശം ചോദിച്ചു. ഇതിനെത്തുടർന്ന് ധീരജ്, സന്ധ്യയുടെ മൊബൈൽ ഫോൺ തട്ടിത്തെറിപ്പിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.

സംഭവം ചോദ്യം ചെയ്ത അയൽവാസിയായ സുബൈദയുമായി (34) ധീരജ് വാക്കേറ്റത്തിലേർപ്പെട്ടു. സുബൈദ സ്കൂട്ടറിൻ്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചതോടെ ധീരജ് ഇവരെ ആക്രമിച്ചതായും പരാതിയുണ്ട്. ഈ ആക്രമണത്തിൽ സുബൈദയ്ക്ക് പരിക്കേൽക്കുകയും മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചെയ്തു. സന്ധ്യ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.