തൃശൂർ: തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം ലഭിച്ചതായി മന്ത്രി കെ രാജൻ. ഇതോടെ തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്‌ചിതത്വം നീങ്ങുന്നു. തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു. എന്നാല്‍ പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസ്സമാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ഏജന്‍സിയായ പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ വെടിക്കെട്ടിന് അനുമതി നല്‍കുക. അതേസമയം, പുതിയ കേന്ദ്രനിയമം വെടിക്കെട്ടിന് തടസമാണെന്നും കേന്ദ്രം നിയമഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവും പറഞ്ഞു. കേന്ദ്ര നിയമ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തേക്കിൻകാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും. മെയ് ആറിനാണ് ഇത്തവണ തൃശൂര്‍ പൂരമെങ്കിലും വെടിക്കെട്ടിന് അനുമതി ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.

വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് കേന്ദ്ര നിയമം. ഫയര്‍ ലൈനില്‍ നിന്നും 100 മീറ്റര്‍ മാറിവേണം ആളുകള്‍ നില്‍ക്കാന്‍, 250 മീറ്റര്‍ പരിധിയില്‍ സ്‌കൂളുകളോ പെട്രോള്‍ പമ്പോ പാടില്ലെന്നും നിബന്ധനകളുണ്ട്. അതേസമയം, വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ അകലം പാലിക്കേണ്ടി വരില്ല. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലം കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ്‌മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് അനുമതി ലഭിച്ചത്. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികൾ ആണ് പൊട്ടിച്ചത്.