പാലക്കാട്: കോങ്ങാട് നിന്നും കാണാതായ രണ്ട് വിദ്യാർത്ഥിനികളെ കണ്ടെത്തി. കോങ്ങാട് കെ.പി.ആർ.പി. സ്കൂളിലെ 13 വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടെ ട്യൂഷന് പോയതിന് ശേഷം കാണാതായ പെൺകുട്ടികൾ സുരക്ഷിതരാണെന്ന് കോങ്ങാട് പോലീസ് അറിയിച്ചു.

വീട്ടിൽ നിന്ന് രാവിലെ ട്യൂഷന് പോയ വിദ്യാർത്ഥിനികൾ, ട്യൂഷൻ സെന്ററിൽ നിന്ന് സ്കൂളിലേക്ക് പോകുന്നു എന്ന് പറഞ്ഞിറങ്ങിയ ശേഷമാണ് അപ്രത്യക്ഷരായത്. എന്നാൽ, സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കോങ്ങാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കുട്ടികളെ പിന്നീട് രക്ഷിതാക്കൾക്ക് കൈമാറി. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.