കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ വൃക്ക തരപ്പെടുത്തി തരാമെന്നു വാഗ്ദ്ധാനം ചെയ്തു രോഗിയും ചികിത്സാ സഹായ കമ്മിറ്റിക്കാരെയും പറ്റിച്ചു പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ആറളം എസ്.ഐ കെ. ഷുഹൈബും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വീര്‍പ്പാട് സ്വദേശി നൗഫല്‍ എന്ന സത്താറിനെയാണ് ബുധനാഴ്ച്ച രാത്രി ആറളം പൊലിസ് വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്.

പട്ടാന്നൂര്‍ സ്വദേശി നൗഫല്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വൃക്ക രോഗിയായ നൗഫലിന് നാട്ടുകാര്‍ ചികിത്സ സഹായ നിധിയിലൂടെ സമാഹരിച്ചു നല്‍കിയ ആറ് ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡോണറെ തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ്. ഡോണര്‍ എന്ന പേരില്‍ നിബിന്‍ എന്നയാളെ പ്രതി നൗഫലിന് പരിചയപ്പെടുത്തി. മൂന്ന് ലക്ഷം പണമായും മൂന്ന് ലക്ഷം ബാങ്കിലൂടെയുമാണ് കൈമാറുന്നത്. 2024 ഡിസംബര്‍ മുതലുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്.

അറസ്റ്റിലായ പ്രതിയുടെ പേരില്‍ സമാന രീതിയിലുള്ള അവയവതട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളുണ്ടെന്നാണ് പൊലിസ് പറയുന്നത്. പ്രതി കേരളത്തില്‍ നിരവധി അവയവ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന സൂചന. ഇയാള്‍ക്ക് പണം കൊടുത്തവരില്‍ പലരും കബളിക്കപ്പെട്ടത് തിരിച്ചറിയാതെ കിഡ്‌നിക്കായി കാത്തു നില്‍ക്കുകയാണ് ഇപ്പോഴും. 'പ്രതി അറസ്റ്റിലാവര്‍ത്ത പുറത്തു വരുമ്പോള്‍ മാത്രമേ തട്ടിപ്പുകളുടെ വ്യാപ്തി അറിയാനാവുമെന്ന് പൊലിസ് പറഞ്ഞു. രോഗികളെ സഹായിക്കാന്‍ നാട്ടുകാര്‍ രൂപീകരിക്കുന്ന ചികിത്സാ സഹായ നിധി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം ടീമുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊലിസ് പറഞ്ഞു.