പാലക്കാട്: തല കമ്പിവേലിയില്‍ കുടുങ്ങി അനങ്ങാന്‍ പറ്റാതെ കിടന്ന കുരങ്ങനെ വനംവകുപ്പ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി. പനയൂര്‍ മലന്തേന്‍കോട്ടില്‍ കോവില്‍ റോഡില്‍ റബ്ബര്‍ എസ്റ്റേറ്റിനു ചുറ്റും മതിലുപോലെ കെട്ടിയ കമ്പിവേലിയിലാണ് കുരങ്ങന്‍ കുടുങ്ങിയത്. ഏകദേശം മൂന്നുമണിക്കൂറിന് ശേഷമാണ് കുരങ്ങനെ രക്ഷപ്പെടുത്തിയത്.

കമ്പിവേലിയില്‍ കുടുങ്ങി കിടന്ന കുരങ്ങന്‍ മഴ പെയ്തതോടെ ബഹളം വെച്ചു. ശബ്ദം കേട്ടതിനെത്തുടര്‍ന്ന് പ്രദേശവാസിയായ മലന്തേന്‍കോട്ടില്‍ നിമേഷ് ചന്ദ്രന്‍ ഇവിടേക്കെത്തുകയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഇതിന് സാധിച്ചില്ല. മാത്രമല്ല, കുരുക്ക് കൂടുതല്‍ മുറുകുന്ന സ്ഥിതിയുമുണ്ടായി.

തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയും കുളപ്പുള്ളിയില്‍നിന്നുള്ള വനം വകുപ്പ് റസ്‌ക്യൂ വാച്ചര്‍ സി.പി. ശിവന്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെയാണ് കമ്പി മുറിച്ച് കുരങ്ങനെ രക്ഷപ്പെടുത്തിയത്. കുരുക്കില്‍നിന്ന് വേര്‍പെട്ടതോടെ കുരങ്ങന്‍ ഓടിരക്ഷപ്പെട്ടു. കുരങ്ങന് പരിക്കുകളൊന്നുമില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.