- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവില്‍ അനുവദിച്ചിരിക്കുന്ന ബസുകള്‍ ഉപയോഗപ്പെടുത്തി വിജയിപ്പിച്ചാല്‍ കൂടുതല്‍ ബസുകള്‍ വൈപ്പിനിലേക്ക്; ഗതാഗത സൗകര്യമില്ലാത്ത ഇടങ്ങിലേക്കും ബസുകളെത്തും: 503 റൂട്ടുകളില്‍ മിനി ബസുകള്‍; ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
കൊച്ചി: എറണാകുളം വൈപ്പിന്‍കരയുടെ നിരവധി കാലത്തെ പോരാട്ടത്തിലൂടെ ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിന് തുടക്കമായിരിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. നിലവില്‍ അനുവദിച്ചിരിക്കുന്ന ബസുകള്‍ ഉപയോഗപ്പെടുത്തി വിജയിപ്പിച്ചാല്‍ കൂടുതല്‍ ബസുകള്‍ വൈപ്പിനിലേക്ക് വിട്ടു നല്‍കും. ഗോശ്രീ ബസുകളുടെ നഗര പ്രവേശനം ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
10 കെഎസ്ആര്‍ടിസി ബസുകള്‍ക്കും 4 പ്രൈവറ്റ് ബസുകളുമാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എറണാകുളം നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് വൈപ്പിനില്‍ നിന്ന് ഗതാഗത സൗകര്യം ഒരുങ്ങുകയാണ് ഇതിലൂടെ. ആദ്യ ഘട്ടമായി കളമശേരി മെഡിക്കല്‍ കോളജ്, വൈറ്റില, കാക്കനാട്, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ് ബസുകള്‍. ഈ ബസുകള്‍ ഉപയോഗിച്ച് വിജയിപ്പിക്കേണ്ടത് അവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണ്.
കെഎസ്ആര്‍ടിസിയില്‍ കുറ്റമറ്റ സംവിധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. നഷ്ടം കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു. ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കാന്‍ കഴിയുന്ന സാഹചര്യം ഉടന്‍ സാധ്യമാകും. ഗ്രാമീണ റോഡുകളില്‍ പോലും ആധുനിക രീതിയിലുള്ള ബസുകള്‍ കൊണ്ടുവരും.
ഗതാഗത സൗകര്യമില്ലാത്ത ഉള്‍നാടന്‍ മേഖലകളില്‍ പൊതുഗതാഗതം ശക്തിപ്പെടുത്തും. നിലവില്‍ ബസ് റൂട്ടുകള്‍ ഒന്നുമില്ലാത്ത ഇത്തരം മേഖലകള്‍ എംഎല്‍എമാര്‍ വഴിയും ഗ്രാമസഭകള്‍ വഴിയും കണ്ടെത്തിയിട്ടുണ്ട്. ഈ റൂട്ടുകളില്‍ ലൈസന്‍സ് നല്‍കും. പെര്‍മിറ്റ് നല്‍കുന്നത് ഒഴിവാക്കി ഒരു റൂട്ടില്‍ മിനിമം രണ്ട് ബസ് എന്ന രീതിയിലായിരിക്കും ലൈസന്‍സ് നല്‍കുക. 503 പുതിയ റൂട്ടുകള്‍ക്ക് ഉടന്‍ അനുമതി നല്‍കും.
മൂന്നാറില്‍ ആരംഭിച്ച ഡബിള്‍ ഡക്കര്‍ എസി ബസ് വിജയകരമാണ്. ഒരുമാസം പിന്നിട്ടപ്പോള്‍ 13,13,400 രൂപയുടെ നേട്ടം ഉണ്ടായി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെ രൂപകല്‍പ്പന ചെയ്തു നിര്‍മിച്ച ബസാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്- ഗണേശ് പറഞ്ഞു. വൈപ്പിന്‍ ഗോശ്രീ ജംക്ഷനില്‍ നടന്ന പരിപാടിയില്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനില്‍, വൈപ്പിന്‍ പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ എം.വി. ഷൈനി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സിനിമാതാരങ്ങളായ അന്ന ബെന്‍, പൗളി വില്‍സണ്‍, അബ്ദുല്‍ മജീദ്, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.