പാലക്കാട്: പാലക്കാട് കോട്ടായില്‍ അമ്മയും മകനും മരിച്ച നിലയില്‍. രോഗബാധിതയായ അമ്മ മരിച്ച സങ്കടത്തില്‍ മകന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോട്ടായി സ്വദേശി ചിന്നയ്ക്ക് 5 മക്കളാണുള്ളത്. ഇതില്‍ അഞ്ചാമത്തെ മകനാണ് ഗുരുവായൂരപ്പന്‍. അമ്മയും മകനും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ നാലഞ്ച് ദിവസമായി ചിന്നയ്ക്ക് പനിയായിരുന്നു. ആശുപത്രിയില്‍ മരുന്നും വാങ്ങിയിരുന്നു. ഇന്നലെ രാത്രി 10 മണി വരെ ചിന്നയുമായി അയല്‍വാസികള്‍ സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് തൊട്ടടുത്തുള്ള പറമ്പില്‍ ഗുരുവായൂരപ്പനെ തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. പിന്നീട് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് അമ്മയും മരിച്ചു കിടക്കുന്നത് കണ്ടത്.

അമ്മയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമ്മ മരിച്ചതറിഞ്ഞ് മനോവിഷമത്തില്‍ മകന്‍ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. 45കാരനായ ഗുരുവായൂരപ്പന്‍ അവിവാഹിതനാണ്.