- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസ പ്രകടനം; റിക്കവറി വാനിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തും പിഴ ചുമത്തിയും മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ കേസില്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി. റിക്കവറി വാന്‍ ഓടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശിയായ വി.ആര്‍. ആനന്ദിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം നടപടി മാതൃകയാവണമെന്നാണ് അധികൃതരുടെ സന്ദേശം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊച്ചി നഗര മധ്യത്തില്‍ യുവാവിന്റെ അഭ്യാസ പ്രകടനം. എറണാകുളം വൈറ്റിലയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ ആയിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. ആംബുലന്‍സ് സൈറണ്‍ മുഴക്കിയിട്ടും ഹോണടിച്ചിട്ടും റിക്കവറി വാന്‍ സൈഡ് കൊടുത്തില്ല. വൈറ്റില മുതല്‍ പാലാരിവട്ടം വരെ അഭ്യാസം തുടര്‍ന്നു.
ദൃശ്യങ്ങളടക്കം മോട്ടോര്‍ വാഹനവകുപ്പിന് പരാതി കിട്ടിയതോടെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജെര്‍സന്‍ വാഹനമോടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശി ബിആര്‍ ആനന്ദിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത്. വാഹനം പിടിച്ചെടുത്തു. 6250 രൂപ പിഴയുമൊടുക്കി. മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ആനന്ദിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.