അങ്കോല: ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തീരുമാനം കൂടിയാലോചനകള്‍ ഇല്ലാതെയെന്നും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോള്‍ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ദൗര്‍ഭാഗ്യകരമായ ഒരു നിലപാടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. യോഗ തീരുമാനം നടപ്പാക്കേണ്ടത് കര്‍ണാടക സര്‍ക്കാരാണ്. കേരള മന്ത്രിമാര്‍ക്ക് അവിടെ പോകാനേ പറ്റൂ. കേരള സര്‍ക്കാര്‍ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തില്‍ ഇടപെടുന്നതില്‍ കേരളത്തിന് പരിമിതി ഉണ്ടെമന്നും മന്ത്രി ചൂണ്ടിക്കാട്ടി. തെരച്ചില്‍ സ്ഥിരമായി നിര്‍ത്തുകയാണോ എന്ന് സംശയിക്കുന്നതായി എം വിജിന്‍ എംഎല്‍എയും പറഞ്ഞു.

അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിക്കുന്നതായി മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അറിയിച്ചു. ഇതിന് പിന്നാലെ കര്‍ണാടക സര്‍ക്കാറും ഇക്കാര്യം ആവര്‍ത്തിച്ചു. തിരച്ചില്‍ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

ഈശ്വര്‍ മാല്‍പെ, നേവി, എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ എല്ലാവരുംകൂടെ ഒന്നിച്ച് ശ്രമിച്ചതായി കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ രക്ഷാദൗത്യം ഏറെ ദുഷ്‌കരമാണ്. ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വര്‍ പരിശോധിച്ചു. അതില്‍, ഒരുസ്ഥലത്ത് പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ടായിരുന്നു.

വെള്ളത്തിനടിയില്‍ ഒന്നും കാണാനാകുന്നില്ല. മുഴുവന്‍ മണ്ണാണ്. അതിന് മുകളില്‍ പാറയും അതിനും മുകളിലായി വന്‍മരവുമുണ്ട്. പോസിറ്റിവായി എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഹൈട്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണ്.

ഞായറാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിക്കുന്നുണ്ട്. വൈകീട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. നാല് ലൊക്കേഷനുകളില്‍ പരിശോധിച്ചതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിനുവേണ്ടി ഈശ്വര്‍ മാല്‍പെയോട് നന്ദി പറയുന്നു. ജീവന്‍ പണയംവെച്ചാണ് അവര്‍ നദിയില്‍ ഇറങ്ങിയത്. മണ്ണും പാറയുമല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്നും അവര്‍ അറിയിച്ചു.