കണ്ണൂര്‍: പൊലീസ് സേനയിലെ പുഴുക്കുത്തുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്നും തെറ്റിനോട് ഒരു കോംപ്രമൈസുമില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ പൊലീസ് സംവിധാനം ആകെ മോശമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എന്തായിരുന്നു പൊലീസിന്റെ സ്ഥിതിയെന്ന് എല്ലാവര്‍ക്കും അറിയാം.

ഇടതുപക്ഷ സര്‍ക്കാര്‍ വന്നശേഷം ജനകീയ പൊലീസ് സംവിധാനമായി മാറി. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളില്ലാതാക്കുന്നതില്‍ പൊലീസിന് നല്ല പങ്കുണ്ട്. ചൂരല്‍മല ദുരന്തത്തില്‍ പൊലീസിന്റെ സേവനം നമ്മള്‍ കണ്ടതാണ്. എങ്കിലും പൊലീസില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ അത് സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷ സര്‍ക്കാരിന്റേത്. തെറ്റ് ചെയ്യുന്നവര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്നും മന്ത്രി റിയാസ് വിശദീകരിച്ചു.

അതേസമയം എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തില്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. കോട്ടയത്ത് സംഘടിപ്പിച്ച കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

ശേഷം പതിനൊന്ന് മണിക്കൂറ് കഴിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആര്‍ അജിത് കുമാര്‍ വ്യക്തമാക്കിയത്.

എന്നാല്‍ തീരുമാനം വന്നപ്പോള്‍ അന്വേഷണ സംഘം മാത്രം.ആരോപണങ്ങള്‍ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമായിട്ടും ആരോപണ വിധേയരായ എഡിജിപി എം.ആര്‍ അജിത് കുമാറിനെയും അവധിയിലുള്ള പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞില്ല. രണ്ടു പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അജിത്കുമാറിനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

തുടര്‍ന്ന് സസ്പെന്‍ഷനും സ്ഥാനചലനവും ഉള്‍പ്പെടയുള്ള നടപടി ഉണ്ടാകുമെന്ന നിലവന്നു. എന്നാല്‍ രാത്രിയോടെ മൂവരെയും പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. അജിത്തിനെ മാറ്റേണ്ട എന്ന് തീരുമാനിച്ചു. പത്തനംത്തിട്ട എസ്.പി സുജിത് ദാസിനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിലൊതുക്കി.പത്തനംതിട്ട എസ്പിയായിരുന്ന സുജിത്ത് ദാസിനെ ഇന്നലെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമനം നല്‍കിയിട്ടില്ല. സുജിത്ത് സംസ്ഥാന പൊലീസ് മേധാവി മുന്‍പാകെ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ( 1 ) സൂപ്രണ്ടായ വി.ജി. വിനോദ് കുമാറിനെ പുതിയ പത്തനംത്തിട്ട എസ്.പിയായി നിയമിച്ചു.