കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്തത്.മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുറത്തിറങ്ങിയ മുകേഷ് മാദ്ധ്യമളോടു പ്രതികരിച്ചില്ല.


ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് ചോദ്യം ചെയ്തത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. 2010ല്‍ നടന്ന സംഭവമായതിനാല്‍ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. അതേസമയം, മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഹര്‍ജിയില്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വര്‍ഷം മുന്‍പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആക്ഷേപവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. 'നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയുകയായിരുന്നു.