തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് നടനും കൊല്ലം എം എല്‍ എയുമായ മുകേഷ്. ഹേമ കമ്മിറ്റിയോട് താന്‍ നാല് മണിക്കൂറോളം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സിനിമാ മേഖലയിലെ മാത്രമല്ല, എല്ലാ മേഖലയിലെയും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്നും മുകേഷ് പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് രഞ്ജിനി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമെന്നും കോടതി നേരത്തെ അറിയിച്ചിരുന്നു. പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്.ഹേമ കമ്മിറ്റിക്ക് മുന്നില്‍മൊഴി നല്‍കിയവരുടെ കൂട്ടത്തില്‍ താനുമുണ്ടെന്ന് നടിയുടെ ഹര്‍ജിയില്‍ പറയുന്നു. മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പൊന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (എസ്പിഐഒ) ആണ് അതു പുറത്തുവിടേണ്ടത്. സമയമാവുമ്പോള്‍ അതു പുറത്തുവിടുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ സര്‍ക്കാരിനോ സാംസ്‌കാരിക വകുപ്പിനോ പങ്കൊന്നുമില്ല. എസ്പിഐഒയ്ക്കാണ് വിവരാവകാശ കമ്മിഷനും ഹൈക്കോടതിയും ഉത്തരവ് നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഹൈക്കോടതി പറഞ്ഞ സമയം ആയിട്ടില്ല. സമയം ആവുമ്പോള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. അതില്‍ ഇത്ര വെപ്രാളപ്പെടുന്നത് എന്തിനെന്ന് സജി ചെറിയാന്‍ ചോദിച്ചു