കൊച്ചി: മുല്ലപെരിയാര്‍ വിഷയം ഒരു അന്താരാഷ്ട്ര സമിതി പഠിക്കണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. യു എന്‍ അടക്കമുള്ള വേദികളില്‍ വിഷയം അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി സംഘടിപ്പിച്ച കൂട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രീയമായി വലിയ അവഗണനയാണ് ഒരു ജനസമൂഹത്തോടു കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്‌നാട് സര്‍ക്കാരുകളും ജനവികാരം അവഗണിക്കുകയാണ്. മുല്ലപെരിയാര്‍ വിഷയം രാഷ്ട്രീയവാത്കരിക്കപ്പെട്ടോ എന്ന സംശയമുണ്ടെന്നും കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു. മുല്ലപ്പെരിയാറിനു താഴെ ചെറിയ അണക്കെട്ട് പണിഞ്ഞ് അധികജലം ശേഖരിക്കാന്‍ തമിഴ്‌നാട് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ജനതയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്നത് മനുഷ്യ സ്‌നേഹത്തിനു നിരക്കാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതടക്കം തമിഴ്‌നാട് കൃത്യമായി ഇടപെടുമ്പോള്‍ കേരളം ഉദാസീനഭാവം തുടരുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അബ്ദുള്‍ ഖരിം സഖാഫി ഇടുക്കി കുറ്റപ്പെടുത്തി. ജനസുരക്ഷയല്ല ലക്ഷ്യമെന്ന് തോന്നിക്കുന്ന നിലപാടാണ് സര്‍ക്കാരുകളും വിദഗ്ധ സമിതിയും പിന്തുടരുന്നത്. കോടതിയെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കേരളത്തിന് കഴിയുന്നില്ല. മുല്ലപ്പെരിയാറിനു സമീപം താമസിക്കുന്ന കുട്ടികളുടെ മനസികാവസ്ഥ കണക്കിലെടുക്കണം. പഠിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ താത്പര്യത്തിനെതിരായി റിപ്പോര്‍ട്ട് നല്‍കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ എന്നീ മേല്‍നോട്ട സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്ന് മുല്ലപെരിയാര്‍ ജന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. റോയ് വാരിക്കാട്ട് അധ്യക്ഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ജന സംരക്ഷണസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഷിബു കെ തമ്പി, ഉസ്താദ് ഖാലിദ് സഖാഫി, റഫീഖ് അഹമ്മദ് സഖാഫി, സ്വാമി അയ്യപ്പദാസ്, ഫാ.ഏലിയാസ് ചെറുകാട്ട്, കോര്‍ എപ്പിസ്‌കോപ്പ ഫാ.സ്ലീബാ പോള്‍ വട്ടവേലില്‍, അഡ്വ. സംഗീത വിശ്വനാഥ്, ചാര്‍ളി പോള്‍, പി.ജി സുഗുണന്‍, ടി.ആര്‍ ദേവന്‍, കുരുവിള മാത്യൂസ്, ജോര്‍ജ് സെബാസ്റ്റ്യന്‍, എ.എം റെജിമോന്‍, സജു തറനിലം എന്നിവര്‍ പ്രസംഗിച്ചു.

സമാപന സമ്മേളനം എസ് എന്‍ ഡി പി യോഗം അസി.സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ഭീതിയകറ്റാന്‍ മുല്ലപെരിയാര്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.