കൊച്ചി: മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന ആശങ്ക സംസ്ഥാനത്ത് അലയടിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. സമൂഹ്യമാധ്യമങ്ങളിലാകെ 'സേവ് മുല്ലപ്പെരിയാര്‍' എന്ന ക്യാമ്പെയ്ന്‍ ശക്തമാവുകയാണ്. ജനങ്ങളില്‍ ആശങ്ക നിറക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിട്ടും സര്‍ക്കാര്‍ യാതൊരുവിധ മറുപടിയും നല്‍കുന്നില്ലെന്നും ആര്‍.സി രാജീവ്ദാസ് വിമര്‍ശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ അണക്കെട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. 2011ലാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഇത്തരമൊരു ചര്‍ച്ചയും വാദപ്രതിവാദങ്ങളും കേരളം കണ്ടത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനോട് അനുബന്ധിച്ച് ജലനിരപ്പ് ഉര്‍ന്നതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നതെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി.

കേരളത്തിലാകെയും മലയോര മേഖലയില്‍ പ്രത്യേകിച്ചും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക പടരുകയാണ്. ഇതിനൊടൊപ്പം കാലപ്പഴക്കം ചെന്ന ഡാമുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്ര സഭ മുല്ലപ്പെരിയാര്‍ കൂടി ഉള്‍പ്പെടുത്തിയത് ചര്‍ച്ചകള്‍ സജീവമാക്കി. വിവിധ പഠന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സേവ് മുല്ലപ്പെരിയാര്‍ ക്യാമ്പെയിന്‍ നടക്കുന്നത്.

ഡീ-കമ്മിഷന്‍ ചെയ്യപ്പെടേണ്ട ഡാമുകളുടെ എണ്ണത്തില്‍ പഴക്കമേറിയതാണ് മുല്ലപ്പെരിയറെന്നും എത്രയും വേഗം ജനങ്ങളുടെ ജീവനും വസ്തുവും രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. അമ്പത് വര്‍ഷം മാത്രം ആയുസ്സ് പറഞ്ഞിരിക്കുന്ന അണക്കെട്ടിന് എങ്ങനെയാണ് ഇത്രയും വര്‍ഷം പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാനാകുകയെന്നും അദ്ദേഹം ചോദിച്ചു.

ഇത് കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണ്. യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ അത് കേരളത്തിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കുമെന്നും നിരവധി ജീവനുകള്‍ക്ക് ആപത്താണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. ജനങ്ങള്‍ ഇതിന്റെ അപകടം മനസിലാക്കി പ്രതിഷേധവുമായി രംഗത്തുവന്ന് അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.