തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് പരിഹാസവുമായി കെ. മുരളീധരന്‍. ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാല്‍ മുഖ്യമന്ത്രി ആവില്ലെന്നും എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമുള്ളപ്പോള്‍ മുഖ്യമന്ത്രി കാര്യം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല.കോണ്‍ഗ്രസ് നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തില്‍ തീരുമാനമെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിന്റെ കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കള്‍ക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പെന്ന് പ്രവര്‍ത്തകര്‍ മനസിലാക്കിയിട്ടുണ്ട്. നേതാക്കള്‍ക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോള്‍ ആളുകള്‍ കൂടുന്നത് സ്വാഭാവികമാണ്. തന്റെ പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകള്‍ കൂടിയിട്ടുണ്ട്.

യുഡിഎഫ് വിപുലീകരണം ആവശ്യമാണ്. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ മുന്നണി വിട്ടവരെ എല്ലാം തിരികെ കൊണ്ടുവരണം. പി.വി. അന്‍വറിന്റെ കാര്യത്തില്‍ അദ്ദേഹം തന്നെ ആദ്യം നിലപാട് വ്യക്തമാക്കണമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.