തൃശ്ശൂര്‍: കൈക്കൂലിയുമായി എക്സൈസ് ഇന്‍സ്പെക്ടര്‍ പിടിയില്‍. ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. ശങ്കറിനെയാണ് തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍ ചിറങ്ങരയില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു പരിശോധന. വാഹനത്തില്‍നിന്ന് 50,000 രൂപയും ഏഴുക്കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു.

എക്സൈസ് ഇന്‍സ്പെക്ടര്‍ ബാറുകളില്‍ പണപ്പിരിവ് നടത്തുന്നതായി വിജിലന്‍സിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. വ്യാഴാഴ്ച പണപ്പിരിവ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.

ജോലിസ്ഥലത്തുനിന്ന് അവധിദിവസങ്ങളില്‍ വീട്ടിലേക്ക് പോകുന്നദിവസങ്ങളില്‍ എന്‍. ശങ്കര്‍ ബാറുകളില്‍നിന്ന് പണപ്പിരിവ് നടത്തിയിരുന്നു. വ്യാഴാഴ്ച ഓണാവധിക്കായി വീട്ടിലേക്ക് പോകുന്നതിന് മുന്‍പും സമാനരീതിയില്‍ പണം വാങ്ങി. തുടര്‍ന്ന് ഓണം ആഘോഷിക്കാനായി പണവും മദ്യക്കുപ്പികളുമായി വീട്ടിലേക്ക് യാത്രചെയ്യുന്നതിനിടെ വിജിലന്‍സ് സംഘം എക്സൈസ് ഇന്‍സ്പെക്ടറെ പിടികൂടുകയായിരുന്നു.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍