പാലക്കാട്: ദേശീയ റോളർ സ്കേറ്റിങ് താരവും പി.എം.ജി. സ്കൂൾ വിദ്യാർത്ഥിയുമായ അബ്ദുൾ നിഹാലിനെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നടപടി. മർദ്ദനത്തിൽ നിഹാലിന്റെ ഇടത് കൈക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ റോളർ സ്കേറ്റിങ് പരിശീലനം ഒരു വർഷത്തേക്ക് മുടങ്ങുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്കെതിരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുക്കുകയും സ്കൂൾ അധികൃതർ ഇവരെ പത്തു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

കല്ലേക്കാട് സ്വദേശിയായ അബ്ദുൾ നിഹാൽ മാർച്ചിൽ നടക്കാനിരിക്കുന്ന ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിനായുള്ള ഒരുക്കത്തിലായിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ട് തവണ കേരളത്തിനായി സ്വർണം നേടിയ താരമാണ് നിഹാൽ. ഈ വർഷത്തെ കായികമേളയിൽ റിലേയിൽ സ്വർണം നേടിയ പാലക്കാട് ജില്ലാ ടീമംഗം കൂടിയാണ് അദ്ദേഹം.

ആക്രമണത്തിൽ പരിക്കേറ്റത് നിഹാലിന്റെ കായിക കരിയറിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. മകനെ മർദിച്ച വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് നിഹാലിന്റെ പിതാവ് നിസാർ പ്രതികരിച്ചു. സ്കൂൾ പിടിഎ യോഗം ചേർന്നാണ് എഫ്ഐആറിൽ ഉൾപ്പെട്ട ആറ് വിദ്യാർത്ഥികളെയും പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.