- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ കായികമേളയിലെ പോയിന്റിനെച്ചൊല്ലിയുള്ള വിവാദം; നാവാമുകുന്ദ,കോതമംഗലം മാര്‍ ബേസില്‍ സ്കൂളുകളുടെ വിലക്ക് പിന്‍വലിച്ചു; വിലക്ക് പിന്‍വലിച്ചത് പ്രതിഷേധത്തില്‍ ഖേദം പ്രകടപ്പിച്ച് സ്‌കൂളുകള്‍ നല്‍കിയ കത്ത് അംഗീകരിച്ചതോടെ; അധ്യാപകര്‍ക്കെതിരായ നടപടി പുനപരിശോധിക്കും
തിരുവനന്തപുരം: സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് സര്‍ക്കാര്‍. അടുത്ത കായിക മേളയില്‍ നിന്നുമാണ് സ്‌കൂളുകളെ വിലക്കിയിരുന്നത്. പ്രതിഷേധത്തില്‍ ഖേദം പ്രകടപ്പിച്ച് സ്‌കൂളുകള്‍ നല്‍കിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിന്‍വലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്. നാവമുകുന്ദ, മാര്‍ ബേസിലില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. എന്നാല്‍ അധ്യാപകര്‍ക്കെതിരായ നടപടി പുനപരിശോധിക്കുക കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം മാത്രമായിരിക്കും എന്ന് മന്ത്രി വി ശിവന്‍കുട്ടി.
മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിന്റെയും അധികാരികള്‍ എറണാകുളത്ത് വെച്ച് 2024 നവംബര്‍ 8 മുതല്‍ 11 വരെ ഒളിമ്പിക്സ് മാതൃകയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ചടങ്ങില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നു. മേലില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും, കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടുകയും ദേശീയ മത്സരങ്ങളില്‍ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാര്‍ത്ഥികള്‍ക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, കായിക വകുപ്പ് മന്ത്രി, അംഗങ്ങളായ ആന്റണി ജോണ്‍, കുറുക്കോളി മൊയ്തീന്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവരും കെ.എസ്.റ്റി.എ., പി.ജി.റ്റി.എ., ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു. എന്നീ സംഘടനകളും കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത നിലയില്‍ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എന്നോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ രണ്ടായിരത്തി ഇരുപത്തിയഞ്ച് ഇരുപത്തിയാറില്‍ നടക്കുന്ന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് കല്‍പ്പിച്ചുകൊണ്ട് 2025 ജനുവരി 2 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുന്നതാണ് എന്ന് മന്ത്രി അറിയിച്ചു.
എന്നാല്‍ അന്വേഷണ കമ്മീഷന്‍ സൂചിപ്പിച്ചിട്ടുള്ള ഈ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത അധ്യാപകര്‍ അവര്‍ക്കുണ്ടായ വീഴ്ചയെ സംഭവിച്ചിടത്തോളം രേഖാമൂലം ഒരു അപേക്ഷയും നല്‍കിയിട്ടില്ല. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും നാവാമുകുന്ദ സ്‌കൂളിന്റെയും മാര്‍ബേസില്‍ സ്‌കൂളിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലും അധ്യാപകരുടെ വീഴ്ച പരിശോധിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണ് എന്നും മന്ത്രി പറഞ്ഞു.