തിരുവനന്തപുരം : എന്‍സിപി നേതാവ് എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ നിര്‍ണായക തീരുമാനം ഇന്ന്. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി മുംബൈയില്‍ ചര്‍ച്ച തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പേ എന്‍സിപിയില്‍ തുടങ്ങിയ തര്‍ക്കത്തിലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഇന്ന് തീര്‍പ്പിന് ശ്രമിക്കുന്നത്. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടി പ്രസിഡന്റാക്കണമെന്നാണ് എകെ ശശീന്ദ്രന്റെ ആവശ്യം. മന്ത്രി മാറുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്ന് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു

മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയെയും മന്ത്രി എകെ ശശീന്ദ്രനെയും തോമസ് കെ തോമസ് എംഎല്‍എയും വിളിപ്പിച്ചാണ് ചര്‍ച്ച. ശശീന്ദ്രന്‍ രണ്ടു പിണറായി സര്‍ക്കാരിലും മന്ത്രിയായെന്നും പാര്‍ട്ടിയുടെ അവശേഷിക്കുന്ന ഒരേയൊരു എംഎല്‍എയായ തന്നെ ഇനി പരിഗണിക്കണമെന്നുമാണ് തോമസിന്റെ ആവശ്യം. രണ്ടരവര്‍ഷം കഴിഞ്ഞ് മാറാമെന്ന് കേരളഘടകത്തില്‍ ധാരണ ഉണ്ടായിരുന്നുവെന്നും അറിയിക്കും. എന്നാല്‍ രാഷ്ട്രീയ-ഭരണ രംഗത്ത് പരിചയക്കുറവുള്ള തോമസ് കെ തോമസിനെ മന്ത്രിയാക്കിയാല്‍ വനംവകുപ്പ് പാര്‍ട്ടിക്ക് ലഭിക്കില്ലെന്ന വാദം ഉള്‍പ്പടെയാണ് എകെ ശശീന്ദ്രന്‍ പവാറിനെ ധരിപ്പിക്കുക.

ഏതെങ്കിലും സാഹചര്യത്തില്‍ മാറേണ്ടിവന്നാല്‍ സംസ്ഥാന അധ്യക്ഷനാക്കണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെടും. നേരത്തെ എകെ ശശീന്ദ്രനൊപ്പമായിരുന്ന സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ ഇപ്പോള്‍ തോമസ് കെ തോമസിനൊപ്പമാണ്. സാമുദായിക കേന്ദ്രങ്ങളെ കൂടെനിര്‍ത്തിയുള്ള രാഷ്ട്രീയ ചരടുവലികളും തോമസ് പയറ്റിയിട്ടുണ്ട്. അതേസമയം മന്ത്രിമാറ്റം ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. തര്‍ക്കം എന്‍സിപിയുടെ ആഭ്യന്തരകാര്യമാണെങ്കിലും മന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടും പ്രധാനമാണ്.