കൊച്ചി: നൈട്രോസെപാം ഗുളികകളുമായി ലഹരിവിതരണക്കാരൻ നീഗ്രോ സുരേഷ് എന്ന സുരേഷ് ബാലൻ (39) വീണ്ടും പിടിയിൽ. ഡാൻസാഫ് സംഘം ഇയാളിൽ നിന്ന് 34.30 ഗ്രാം തൂക്കമുള്ള 64 ഗുളികകൾ പിടിച്ചെടുത്തു. കടവന്ത്ര ഉദയ കോളനിയിലെ വീട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ വർഷവും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അമിതമായ ഭയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയ്ക്കാണ് നൈട്രോസെപാം ഗുളികൾ ഉപയോഗിക്കുന്നത്.

ഡോക്ടറുടെ നിർദ്ദേശമില്ലാതെ ലഭ്യമല്ലാത്ത ഈ ഗുളികകൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവരുന്നതാണെന്ന് പോലീസ് അറിയിച്ചു. കോയമ്പത്തൂരിൽ നിന്ന് തുടയിൽ കെട്ടിവച്ചാണ് ഇവ കടത്തുന്നതെന്ന് കഴിഞ്ഞ തവണ പിടിയിലായപ്പോൾ സുരേഷ് വെളിപ്പെടുത്തിയിരുന്നു. 5 രൂപയ്ക്ക് ലഭിക്കുന്ന ഈ ഗുളികകൾ 250-300 രൂപ വരെ ഈടാക്കിയാണ് ഇയാൾ വിൽക്കുന്നതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. കോളേജ് വിദ്യാർത്ഥികളും ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവതീ യുവാക്കളുമാണ് പ്രധാനമായും ഇവ വാങ്ങുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സുരേഷിനെതിരെ വിവിധ സ്റ്റേഷനുകളിൽ മോഷണം, അടിപിടി, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ഇതിനുമുമ്പ് 100-ൽ അധികം ലഹരിമരുന്ന് ഇൻജക്ഷൻ ആംപ്യൂളുകളുമായും ഇയാൾ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയും ഇയാളെ തടവിലാക്കിയിരുന്നു.

നൈട്രോസെപാം ഗുളികകൾ 20 ഗ്രാമിൽ കൂടുതൽ കൈവശം വെക്കുന്നത് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഷെഡ്യൂൾഡ് എച്ച്1 വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ മരുന്ന് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭ്യമല്ല. നിയമവിരുദ്ധമായി മരുന്നുകച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.