ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ക്ലബ് തുഴഞ്ഞ നടുവിലെപ്പറമ്പൻ ചുണ്ടൻ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ഇതേത്തുടർന്ന് ബോട്ട് യന്ത്രത്തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു.

എന്നാൽ, തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. ചുണ്ടൻ വള്ളത്തിനും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പിന്നീട്, കുമരകത്തു നിന്ന് മറ്റൊരു ബോട്ട് എത്തിച്ചാണ് ടീമിനെ പുന്നമടയിലേക്ക് മാറ്റിയത്.

21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 75 വള്ളങ്ങളാണ് ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഫലപ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഒഴിവാക്കുന്നതിനായി വെർച്വൽ ലൈൻ ഫിനിഷിംഗ് സംവിധാനം ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.