കൊച്ചി: ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനേയും ഷംഷാബാദ് രൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ പ്രിന്‍സ് പാണേങ്ങാടനേയും തിരഞ്ഞെടുത്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങിലാണ് പുതിയ മെത്രാപ്പോലീത്തമാരെ പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് 19 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയില്‍ നടന്നുകൊണ്ടിരുന്ന മെത്രാന്‍ സിനഡാണ് ഇവരെ പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതോടെ മാര്‍ തോമസ് തറയില്‍ ചുമതലയേല്‍ക്കും. നിലവില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാനാണു മാര്‍ തോമസ് തറയില്‍.

ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ തോമസ് തറയില്‍. 2017 മുതല്‍ സഹായമെത്രാനായിരുന്നു.
ചങ്ങനാശ്ശേരി അതിരൂപതയുടെ മുഖ്യ അജപാലകനായി 17 വര്‍ഷം സേവനമനുഷ്ഠിച്ച ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. മാര്‍ ജോസഫ് പെരുന്തോട്ടം 22 വര്‍ഷം മെത്രാനായും 17 വര്‍ഷം മെത്രാപ്പൊലീത്തയായും ചങ്ങനാശ്ശേരി അതിരൂപതയെ നയിച്ചു

നിലവില്‍ അഡിലാബാദ് ബിഷപ്പാണ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍. ഷംഷാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായതോടെയാണ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ഷംഷാബാദ് അതിരൂപതയുടെ അധ്യക്ഷ പദവിയില്‍ എത്തുന്നത്.

ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തി. സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാര്‍ തോമസ് തറയിലിനെ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കല്പന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തിലും മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള കല്പന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു.