കൊച്ചി: തുരുത്തിയിൽ ഭവനരഹിതരായ 394 കുടുംബൾക്ക് പുതിയ ഫ്ലാറ്റിന്റെ നിർമ്മാണം പൂർത്തിയായതായി കൊച്ചി മേയർ എം.അനിൽകുമാർ. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ് മേയർ ഈക്കാര്യം അറിയിച്ചിരിക്കുന്നത്. ഫ്ലാറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബർ 27 മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2 ഭവന സമുച്ചയങ്ങളാണ് തുരുത്തിയിൽ നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നാമത്തെ ടവറിൻ്റെ നിർമ്മാണ ചെലവ് 41.74 കോടി രൂപയും, രണ്ടാമത്തെ ടവറിന്റെ നിർമ്മാണം പൂർത്തിയാക്കിയത് 44.01 കോടി രൂപ ചെലവഴിച്ചാണെന്നും കുറിപ്പിൽ പറയുന്നു.

എം.അനിൽകുമാറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണ രൂപം:

ഞങ്ങൾ വാക്കുപാലിച്ചു ......

ഭവനരഹിതരായ 394 കുടുംബൾക്ക് തുരുത്തിയിൽ പുതിയ ഫ്ലാറ്റ്....

നിസ്വരായ ജനങ്ങൾ ഇനി അഭിമാനത്തോടെ പുതിയ ഭവനങ്ങളിൽ താമസിക്കും.

ഫ്ലാറ്റുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരളത്തിൻ്റെ മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയൻ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 05.00 മണിക്ക് , നിർവ്വഹിക്കും

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് ഭവനങ്ങൾ നൽകുന്നതിന് കൊച്ചി തുരുത്തിയിൽ രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം കൊച്ചി നഗരസഭ നടപ്പിലാക്കിയ ഇരട്ട ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂര്‍ത്തിയായി . ഭൂരഹിതരും ഭവന രഹിതരുമായ 394 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നത്.

തുരുത്തിയില്‍ 2 ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യത്തെ സമുച്ചയം നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയും, രണ്ടാമത്തെ സമുച്ചയം സി.എസ്.എം.എല്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി നഗരസഭയ്ക്ക് വേണ്ടി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.

10796.42 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍, നഗരസഭ നിര്‍മ്മിച്ച ഒന്നാമത്തെ ടവറിൻ്റെ നിർമ്മാണ ചെലവ് 41.74 കോടി രൂപയാണ്. 11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്. ഓരോ യൂണീറ്റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, 2 ടോയ്ലെറ്റുകള്‍ എന്നിവയാണുള്ളത്.

81 പാര്‍ക്കിംഗ് സ്ലോട്ടുകള്‍, 105 കെ.എല്‍.ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, 3 എലവേറ്ററുകള്‍, 3 സ്റ്റെയര്‍കേസുകള്‍ എന്നിവയുമുണ്ട്. ഒന്നാം നിലയിൽ 150 ചതുരശ്ര മീറ്ററും 11-ാം നിലയില്‍ 800 ചതുരശ്ര മീറ്ററും വീതവുമുള്ള കോമണ്‍ ഏരിയകൾ ഉണ്ട്. ഈ ഫ്ളാറ്റ് സമുച്ചയത്തിന് താഴെ ഒരു അങ്കണവാടിയും 14 കടമുറികളും ഉണ്ട്. രണ്ട് സമുച്ചയങ്ങളിലും ലിഫ്റ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 44.01 കോടി രൂപ ചെലവഴിച്ചാണ് രണ്ടാമത്തെ ടവറിന്റെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരു പൊതുമുറ്റത്തിന് ചുറ്റുമായി 13 നിലകളില്‍,

ആകെ 195 പാര്‍പ്പിട യൂണീറ്റുകളാണ് ഉള്ളത്. ഓരോ നിലയിലും 15 യൂണീറ്റുകള്‍ വീതമുണ്ട്. താഴത്തെ നിലയില്‍ 18 കടമുറികളും, പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. മൂന്ന് ലിഫ്റ്റുകളും ഗോവണിപ്പടികളുമുള്ള ടവര്‍ 10221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പണിതിരിക്കുന്നത്. ഓരോ പാർപ്പിട യൂണിറ്റുകൾക്കും, 350 അടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ടവറിന്‍റെ റൂഫ് ടോപ്പില്‍ കോമണ്‍ ഏരിയയില്‍ സോളര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്.

68 കാറുകളും, 17 ബൈക്കുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

ഭൂരഹിതരും, ഭവന രഹിതരുമായ 394 കുടുംബങ്ങൾ, ആധുനിക സൗകര്യങ്ങളുള്ള, വൃത്തിയുള്ളതും മനോഹരവുമായ, ഫ്ലാറ്റുകളിലേക്ക് താമസം മാറുന്ന സുദിനത്തിൽ അവരുടെ സന്തോഷത്തിൽ പങ്കു ചേരുന്നതിന് ഏവരെയും, അഭിമാനത്തോടെ, സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.