തിരുവനന്തപുരം: മുഖ്യമന്ത്രി അറിയാതെ പ്രകാശ് ജാവഡേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇപി ജയരാജനെ സിപിഎം ബലിയാടാക്കി. തലസ്ഥാന നഗരിയില്‍ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങള്‍ക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോള്‍ നടപടി എടുക്കുന്നത് കണ്ണില്‍ പൊടിയിടാനാണ്.

എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇപി പ്രകാശ് ജാവഡേക്കറെ കണ്ടത്. അതിന് ഇപ്പോഴാണോ നടപടി എടുക്കുന്നതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഇലക്ഷന്‍ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണ്. അന്ന് നടന്നത് പാര്‍ട്ടിയുമായിട്ടുള്ള ഡീലിങാണ്. എഡിജിപിക്കെതിരായ ആരോപണം ഗുരുതരമാണ്. എംഎല്‍എ പറഞ്ഞത് തെറ്റാണെങ്കില്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴയുടെ വൈകാരികമായ ഒന്നാണ്. സര്‍ക്കാര്‍ ആദ്യത്തെ പരിഗണന നല്‍കേണ്ടത് ആലപ്പുഴയിലെ വള്ളംകളിക്കാണ്. അല്ലാതെ ബേപ്പൂരിലെ വള്ളംകളിക്കല്ല. എത്രയും പെട്ടന്ന് നെഹ്‌റു ട്രോഫി വള്ളംകളി നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.