തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് ടി.ടി.ഇക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിച്ചു. ചീഫ് ടി.ടി.ഇ ജി.എസ് പത്മകുമാറിനെ വന്ദേഭാരതില്‍ നിന്നും ഒഴിവാക്കിയ നടപടിയാണ് പിന്‍വലിച്ചത്. ജീവനക്കാരുടെ യൂണിയന്‍ പ്രതിഷേധത്തിന് പിന്നാലെയാണിത്. സ്പീക്കറാണെന്ന് അറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ടിക്കറ്റ് എക്‌സാമിനറിനെതിരെയുള്ള ആരോപണം.

സ്പീക്കറോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജി.എസ് പത്മകുമാറിനെ വന്ദേഭാരതില്‍ നിന്ന് ഒഴിവാക്കിയത്. ജൂലായ് 30-ന് എറണാകുളത്ത് വെച്ചായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.

വിഷയത്തില്‍ ഔദ്യോഗികമായി റെയില്‍വേയുടെ ഭാഗത്തുനിന്ന് വിശദീകരണമുണ്ടായിരുന്നില്ല. അതേസമയം, ടി.ടി.ഇ.യ്ക്കെതിരെ നടപടി എടുത്ത വിവരം തിരുവനന്തപുരം റെയില്‍വേ ഡി.ആര്‍.എമ്മി.ന്റെ ഓഫീസില്‍ നിന്ന് സ്പീക്കറുടെ ഓഫീസിലേക്ക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയെടുത്ത വിവരം പുറത്തറിഞ്ഞത്. ഇതോടെ യൂണിയന്‍ നേതാക്കള്‍ പ്രതിഷേധമറിയിച്ചു.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നതിനിടെ ടിടിഇ മോശമായി പെരുമാറിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഷംസീര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കറോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ടിടിഇമാരുടെ യൂണിയന്റെ പ്രതികരണം. സ്പീക്കര്‍ ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്ന് ടിടിഇമാരുടെ സംഘടന പ്രതികരിച്ചു.