തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും ആഗസ്റ്റ് 23 ന് വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിക്കും. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നു. ഇതിനായുള്ള കൂറ്റന്‍ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് നടന്നു.

കലാ ട്രസ്റ്റിയും മുന്‍ വനിതാ കമ്മീഷന്‍ അംഗവുമായ ഇ എം രാധ, തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണ്‍, സെക്രട്ടറി എം.രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി നിസാര്‍ മുഹമ്മദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ സുബ്രഹ്‌മണി, വി.വി. വിനോദ് , ജയമോഹന്‍, എ ടു ഇസഡ് ഇവന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ എ കെ നായര്‍, വേള്‍ഡ് മാര്‍ക്കറ്റ് സെക്രട്ടറി ഷാജി ആര്‍, രാജീവ്, ഇവന്റ് ഡയറക്ടര്‍ സുബാഷ് അഞ്ചല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദേശത്ത് നിന്നിറക്കുമതി ചെയ്ത ടണലുപയോഗിച്ചാണ് കരയില്‍ കടല്‍ ഒരുക്കിയിരിക്കുന്നത്.

ആഴക്കടലിന്റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൊമ്പന്മാര്‍ മുതല്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണമത്സ്യങ്ങള്‍ വരെ അണിനിരക്കുന്ന കാഴ്ചവിരുന്നാണ് മേള. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയ മത്സ്യങ്ങള്‍ നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാണ്. മറൈന്‍ മിറക്കിള്‍സ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം നഗരത്തിന് പുത്തന്‍ വിസ്മയ കാഴ്ച സമ്മാനിക്കും. മേളയോടനുബന്ധിച്ച് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉള്‍പ്പെടുത്തിയുള്ള അപൂര്‍വ പ്രദര്‍ശനവുമുണ്ട്. വ്യത്യസ്തങ്ങളായ സെല്‍ഫി പോയിന്റുകള്‍ ഈ പരിപാടിയുടെ പ്രത്യേകതയാണ്.

ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫര്‍ണിച്ചറുകളുടേയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കല്‍ ഓഫര്‍ മേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി ഫര്‍ണിച്ചറുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് നല്കുന്നു. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോര്‍ട്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അമ്യൂസ്‌മെന്റ് റൈഡുകളും സജ്ജമാണ്. 40 ദിവസം നീളുന്ന ഈ മഹാമേള ഒക്ടോബര്‍ 2 ന് സമാപിക്കും.