കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു മണിക്കൂര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മോദി ബെയ്‌ലി പാലം വരെ സന്ദര്‍ശിക്കും. കൂടാതെ ക്യാമ്പും കളക്ടറേറ്റും സന്ദര്‍ശിക്കും. സന്ദര്‍ശന സമയത്ത് തെരച്ചില്‍ ബുദ്ധിമുട്ടാകുമെന്ന് എസ്പിജി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. ദുരന്തത്തെ എല്‍ 3 ക്യാറ്റഗറിയില്‍ പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടതായും മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടിയും സഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ പ്രകമ്പനത്തെ തുടര്‍ന്ന് ഡല്‍ഹി സിസ്‌മോളജിയുമായി ബന്ധപ്പെട്ടിരുന്നു. ഭൂചലനമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുവരെ 226 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 133 പേരെ കാണാതായിട്ടുണ്ട്. ഇന്ന് നടത്തിയ ജനകീയ തെരച്ചിലില്‍ നാല് മൃതദേഹം കണ്ടെത്തിയെന്ന് വിവരം ഉണ്ട്. ഇത് ശരീരമാണോ ശരീര ഭാഗമാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പറയും.

ദുരിത ബാധിതരെ ക്യാമ്പില്‍ നിന്ന് മാറ്റിതാമസിപ്പിക്കാന്‍ 125വാടക വീട് കണ്ടെത്തി. കേന്ദ്ര സംഘവുമായി ചര്‍ച്ച നടന്നുവെന്നും അടിയന്തര പുനര്‍നിര്‍മനത്തിന് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, മാലിന്യം നീക്കാനും കേന്ദ്രത്തോട് സഹായം തേടിയതായി മന്ത്രി അറിയിച്ചു. വായ്പകള്‍ക്കായി ധനകാര്യ സ്ഥാപനങ്ങള്‍ വിളിച്ച് സമ്മര്‍ദം സൃഷ്ടിക്കുന്നത് കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വായ്പ ഇളവ് അവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

അതേസമയം, വയനാട്ടില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഡയറക്ടര്‍ ഒപി മിശ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട്ടില്‍ ഭൂമി പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതുമൂലമായിരിക്കാം പ്രകമ്പനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ ഉരുള്‍പൊട്ടലിന് ശേഷം ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാറുണ്ട് അതില്‍ ഉണ്ടായ ശബ്ദമാണ് കേട്ടത്. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നാണ് നാഷനല്‍ സീസ്‌മോളജി സെന്റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. വയനാട്ടിലെ മറ്റു ജില്ലകളിലോ ഉണ്ടായെന്ന് പറയപ്പെടുന്ന പ്രകമ്പനം ഉരുള്‍പൊട്ടലിനുശേഷമുണ്ടാകുന്ന ഭൂമി പാളികളുടെ നീക്കമാണെന്നും സെന്റര്‍ അധികൃതര്‍ അറിയിച്ചു.ഭൂമി പാളികളുടെ നീക്കത്തിനിടയില്‍ കുലുക്കവും ശബ്ദവും ഉണ്ടാകുമെന്നും ഇത് സ്വഭാവികമാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനിയിലെവിടെയും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. 24മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.