തിരുവല്ല: ഉച്ചഭക്ഷണത്തിന് വാങ്ങിയ ബിരിയാണിപ്പൊതി തുറന്ന പുളിക്കീഴ് എസ്എച്ച്ഓ അജിത്കുമാര്‍ ഞെട്ടി. ഭക്ഷണത്തില്‍ ചത്ത പഴുതാര. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യ- സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ബിരിയാണി നല്‍കിയ ഹോട്ടല്‍ അടച്ചുപൂട്ടി.

തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കന്നിമറ ഹോട്ടലാണ് വെള്ളിയാഴ്ച ഉച്ചയോടെ അടച്ച് പൂട്ടിയത്. പുളിക്കീഴ് എസ് എച്ച് ഒ അജിത് കുമാറിനായി വെള്ളിയാഴ്ച ഉച്ചയോടെ പാര്‍സലായി വാങ്ങിയ ചിക്കന്‍ ബിരിയാണിയിലാണ് ചത്ത നിലയുള്ള പഴുതാരയെ കണ്ടെത്തിയത്.

പായ്ക്ക് ചെയ്ത ബിരിയാണിയില്‍ നിന്നും പകുതിയോളം കഴിച്ച ശേഷമാണ് ചത്ത നിലയില്‍ പഴുതാരയെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചു. അവര്‍ എത്തി നടത്തിയ പരിശോധനയില്‍ സംഭവം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും മാര്‍ച്ച് മാസത്തില്‍ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദേശം നല്‍കിയത്.