- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന സ്വാഗതം ചെയ്ത് കാന്തപുരം
കോഴിക്കോട്: സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരളമുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.
ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേൽപ്പിക്കുന്നത് സർക്കാർ നയമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തിൽ വ്യക്തികൾക്ക് സാമൂഹിക കടമകൾക്ക് അനുസൃതമായുള്ള സർവസ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന്റെ പാരമ്പര്യത്തിനും ബഹുസ്വരതക്കും യോജിച്ച നിലപാടാണെന്ന് കാന്തപുരം പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവർ അർഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്ന സർക്കാർ തീരുമാനം കേരളത്തിന്റെ ഭാവിയെ കൂടുതൽ മനോഹരമാക്കും. സമൂഹങ്ങൾക്കും ഭരണകൂടങ്ങൾക്കുമിടയിൽ അനൈക്യം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഇത് ദുർബലപ്പെടുത്തും.
ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാടുകൾ കൈകൊള്ളുന്നത് ജനാധിപത്യസംവിധാനത്തെ കൂടുതൽ തെളിച്ചമുള്ളതാക്കും. ഒരേ വേഷവും ഒരുമിച്ചിരുത്തലും നടപ്പാക്കുന്നതിന് പകരം ലിംഗനീതി ഉറപ്പാക്കുകയാണ് വേണ്ടത്. സ്ത്രീകൾ രണ്ടാംതരം പൗരന്മാർ അല്ല. അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകളെ മാനിക്കാൻ പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ട്.
ക്ലാസ്റൂമിൽ ഇടകലർത്തിയിരുത്തിക്കൊണ്ട് ഉണ്ടാക്കിയെടുക്കേണ്ട ബോധമല്ല അത്. സ്ത്രീ പുരുഷന്മാർക്കിടയിലെ പ്രകൃത്യാ ഉള്ള വൈജാത്യങ്ങൾ ഇല്ലാതാക്കാൻ വേഷം മാറിയതുകൊണ്ടും കാര്യമില്ല. തെറ്റായ തീരുമാനങ്ങളിലൂടെ ശരിയിലേക്ക് എത്താനാകില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം കൈവരിച്ച മികവുകളെ ഇല്ലാതാക്കാൻ മാത്രമേ ഇത്തരം നടപടികൾ നിമിത്തമാകൂ. അതുൾക്കൊണ്ട് തീരുമാനം പുനഃപരിശോധിക്കാനും തിരുത്താനും തയാറായ വിദ്യാഭ്യാസവകുപ്പ് അഭിനന്ദനമർഹിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.
ജെൻഡർ ന്യൂട്രാലിറ്റി സ്കൂൾ യൂണിഫോം വിഷയത്തിലും പാഠ്യപദ്ധതി കരടിലുണ്ടായിരുന്ന പരാമർശങ്ങളിലും സർക്കാർ പുനഃപരിശോധന നടത്തണമെന്ന് കഴിഞ്ഞ 11ന് ചേർന്ന സമസ്ത മുശാവറ പ്രമേയം പാസാക്കിയിരുന്നു. കേരള മുസ്ലിം ജമാഅത്തിന്റെയും സുന്നിസംഘടനകളുടെയും ഈ വിഷയത്തിലുള്ള ആശങ്കയും അഭിപ്രായവരും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നുവെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ