കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൊച്ചിയിലെത്തും. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തുന്നത്. ബിജെപിയുടെ പൊതുസമ്മേളനം അടക്കം നിരവധി പരിപാടികളാണ് ഈ രണ്ട് ദിവസങ്ങളിലുമായി അദ്ദേഹത്തിനുള്ളത്. ഇന്ന് വൈകിട്ട് നാലു മണിയോട് കൂടിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും.

നാലു മണിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിമാനത്താവള പരിസരത്തു ബിജെപിയുടെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. ആറു മണിക്ക് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം തുടങ്ങിയവ നിർവഹിക്കും. കൊച്ചി മെട്രോയുടെ എസ്എൻ ജംക്ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം, കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറകോട്ടയംചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലംപുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷൽ ട്രെയിൻ ഫ്‌ളാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയാണു പ്രധാനമന്ത്രി നിർവഹിക്കുന്നത്.

വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും. വെല്ലിങ്ടൻ ദ്വീപിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി രാത്രി 9ന് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. താമസവും ഇവിടെയാണ്. നാളെ രാവിലെ 9.30നു കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മിഷൻ ചെയ്യും. ഉച്ചയോടെ മംഗളൂരുവിലേക്കു തിരിക്കും.