കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള വിവിധ ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കാന്‍ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇതു സംബന്ധിച്ച് ഹൈക്കോടതി മുന്‍പാകെയുള്ള മറ്റു ഹര്‍ജികള്‍ക്കൊപ്പം കോടതി പരിഗണിക്കും.

നേരത്തെ, കേരളത്തില്‍ പരിസ്ഥിതി ഓഡിറ്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ആവശ്യമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചായിരിക്കും ഈ കേസും പരിഗണിക്കുക. കേസുകള്‍ ഈ മാസം 16ന് പരിഗണിക്കും.

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി പാലാ സ്വദേശി ജയിംസ് വടക്കന്‍ നല്‍കിയ ഹര്‍ജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്. ഹൈക്കോടതി നേരത്തെ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ അതിനൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ദുരന്തബാധിതരുടെ കൃത്യമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുക, ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരുടെ പുനരധിവാസം, പ്രദേശത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കല്‍ തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്. അനിയന്ത്രിതമായ ഖനനവും നിയന്ത്രണമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുമാണ് ദുരന്തത്തിന് ഇരയാക്കിയതെന്നു ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് വിഷയത്തില്‍ സ്വമേധയാ കേസെടുത്തുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഭൂമിയുടെ ഉപയോഗം സംബന്ധിച്ച ലാന്‍ഡ് ഓഡിറ്റ്, ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന തലത്തിലും ഭൂപ്രകൃതിയുടെ സ്വഭാവം, ലഭ്യമായ പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഓഡിറ്റ് എന്നിവ ലഭ്യമാണോയെന്നും കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്താകെ ജിയോ മാപ്പിങ് നടത്താനും കോടതി നിര്‍ദേശിച്ചിരുന്നു.