- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തെരുവുനായ ശല്യം രൂക്ഷം; വഴിയാത്രക്കാർക്ക് നായ്ക്കളുടെ കടിയേൽക്കുന്നത് പതിവായി; കൊന്നൊടുക്കാൻ അനുമതി വേണം'; ഹൈക്കോടതിയെ സമീപിച്ച് കൊല്ലം ജില്ലാ പഞ്ചായത്ത്
കൊല്ലം: അക്രമകാരികളായ തെരുവ് നായകളെ കൊന്നൊടുക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് കൊല്ലം ജില്ലാ പഞ്ചായത്ത്. തെരുവുനായ ശല്യം രൂക്ഷമാകുകയും വഴിയാത്രക്കാർക്ക് നായ്ക്കളുടെ കടിയേൽക്കുന്നത് പതിവാകുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി.
വന്ധ്യംകരിച്ച തെരുവുനായ്ക്കളെ സംരക്ഷിക്കാൻ പ്രത്യേക കേന്ദ്രം തയ്യാറാക്കുമെന്നും കൊല്ലം ജില്ലാ പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. കുരുയോട്ടുമലയിലെ ഒന്നര ഏക്കർ ഭൂമിയിലാണ് സംരക്ഷണ കേന്ദ്രം ഒരുക്കുക. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള ആദ്യ കേന്ദ്രം നാളെ കൊട്ടിയത്ത് പ്രവർത്തനം തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പേ പിടിച്ചതും ആക്രമകാരികളുമായ തെരുവു നായ്ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ സർക്കാരിന്റെ അനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വ്യക്തമാക്കായിരുന്നു.
പേവിഷ പ്രതിരോധം ,തെരുവുനായ നിയന്ത്രണം എന്നിവയിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ കർമ്മപദ്ധതിയിലേക്ക് സർക്കാർ പോവുന്നത് തെരുവുനായ്ക്കളുടെ കൃത്യമായ കണക്കില്ലാതെ . 3 ലക്ഷം തെരുവുനായ്ക്കളെന്ന ഏകദേശ കണക്ക് മാത്രമാണ് സർക്കാരിന് മുന്നിലുള്ളത്. 10 ലക്ഷം വാക്‌സിൻ എത്തിച്ച ശേഷം വാക്‌സിനേഷനിലേക്ക് പോകാനാണ് സർക്കാർ തീരുമാനം.
40 മുതൽ 60 ശതമാനം വരെ നായ്ക്കളിലെങ്കിലും വാക്‌സിനേഷൻ എത്തിയാലാണ് തെരുവുനായ്ക്കളിലെ പേവിഷബാധക്ക് എതിരായ വാക്‌സിൻ പ്രതിരോധം ഫലപ്രദമാവുകയെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. മെഗാ പദ്ധതി തുടങ്ങാനിരിക്കുമ്പോൾ ഈ ലക്ഷ്യത്തിലേക്കെത്തുന്നത് കണക്കാക്കാൻ കൃത്യമായ അടിസ്ഥാന കണക്കില്ലെന്നതാണ് വസ്തുത. നായ്ക്കളെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുള്ള കണക്ക് 2019ലേതാണ്. അതുപ്രകാരം 8ലക്ഷം വളർത്തു നായ്ക്കളും, 3 ലക്ഷം തെരുവുനായ്ക്കളുമെന്നാണ്. എന്നാൽ തെരുവുനായ്ക്കളുടെ യഥാർഥ കണക്ക് എത്രയോ കൂടുതലാകാമെന്ന് വിദഗ്ദർ ഒന്നടങ്കം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ